ന്യൂഡല്‍ഹി: ഐഎന്‍എക്സ് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. അറസ്റ്റ് ചെയ്തതിനാല്‍ ഇനി മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി അറിയിച്ചു. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം അറസ്റ്റിനെതിരായ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ ഇന്ന് പരിഗണിക്കാനിവില്ലെന്ന് ജസ്റ്റിസ് ഭാനുമതി നിരീക്ഷിച്ചു. ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്‍റെ അനുമതി വേണമെന്നും ജസ്റ്റിസ് അറിയിച്ചു. നടപടിക്രമത്തിലെ തടസങ്ങള്‍ കാരണം ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടായി. ഇക്കാരണത്താല്‍ കേസിന്‍റെ ലിസ്റ്റ് ഇതുവരെ സിജെഐയില്‍ നിന്ന് ലഭിച്ചില്ലെന്നാണ് കോടതി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയിൽ നിന്ന് രജിസ്ട്രിക്ക് അനുമതി ലഭിക്കാത്തതിനാൽ സിബിഐ റിമാൻഡിനെതിരായ അപ്പീൽ പട്ടികപ്പെടുത്തിയിരുന്നില്ല.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സത്യവാങ് മൂലം താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നും ചിദംബരത്തിന് വേണ്ടി വാദിച്ച കപില്‍ സിബല്‍ വാദിച്ചു. ചിദംബരത്തിനെതിരായി കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചെങ്കില്‍ എന്തുകൊണ്ടാണ് വിചാരണ ചെയ്യാത്തത്. മാധ്യമ വിചാരണയാണ് നടക്കുന്നത്. മുദ്ര വെച്ച കവറില്‍ ഡല്‍ഹി ഹൈക്കോടതിക്ക് രേഖകള്‍ കൈമാറിയതെന്തുകൊണ്ടാണെന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി നിരാകരിക്കുകയായിരുന്നു. എന്നാല്‍ രേഖകളൊന്നും തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നടത്തിയ ചോദ്യം ചെയ്യലിൽ ചിദംബരം നൽകിയ മറുപടിയിൽ തൃപ്തിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. മാത്രവുമല്ല നുണ പരിശോധന നടത്തണമെന്നും
ഇന്ദ്രാണി മുഖര്‍ജിക്കും മറ്റ് പ്രതികള്‍ക്കുമൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. അതേസമയം, ചിദംബരത്തിന്‍റെ കസ്റ്റഡി നീട്ടുന്നതിനായി സിബിഐ വിചാരണ കോടതിയെ സമീപിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദിവസം ആവശ്യപ്പെടാനാണ് സിബിഐയുടെ തീരുമാനം.