ന്യൂഡൽഹി: സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ നിയമപരമായ മാർഗ നിർദേശങ്ങൾ രൂപീകരിക്കുന്നതിനുള്ള കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം മൂന്നാഴ്‌ചയ്ക്കുള്ളിൽ നൽകണമെന്ന് സുപ്രീം കോടതി. ഓൺലൈൻ കുറ്റകൃത്യങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സാങ്കേതികവിദ്യയില്ലയെന്നത് ശരിയായ വിശദീകരണമല്ല. ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ നശിപ്പിക്കുവാനും സാങ്കേതികവിദ്യക്ക് സാധിക്കും. ആധാര്‍ സോഷ്യല്‍മീഡിയയുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
സമൂഹ മാധ്യമങ്ങൾ നിയന്ത്രിക്കുന്നതിനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ലിങ്കുചെയ്യുന്നതിനും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ മുന്നോട്ട് വെക്കുന്നുണ്ടോയെന്നും സുപ്രീം കോടതി ചോദിച്ചു. അനാവശ്യമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെതിരെ മൂന്നാഴ്ചയ്ക്കുള്ളിൽ നിയമപരമായ മാർഗനിർദേശം കേന്ദ്ര സര്‍ക്കാര്‍ സമർപ്പിക്കണമെന്ന് ജസ്റ്റിസ് ദീപക് ഗുപ്‌ത അധ്യക്ഷനായ ബെഞ്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഓൺലൈൻ കുറ്റകൃത്യങ്ങളുടെ സ്രോതസ്സ് കണ്ടെത്താൻ അസാധ്യമെന്ന ന്യായീകരണത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ ചുമതലയില്ലെന്നും സര്‍ക്കാര്‍ തന്നെ ഇതിനുള്ള മാർഗ നിർദേശങ്ങൾ കൊണ്ടു വരണമെന്നും ജസ്റ്റിസ് ദീപക് ഗുപ്‌തയും അനിരുദ്ധ് ബോസും ഉൾപ്പെടുന്ന ബെഞ്ച് മുമ്പ് അറിയിച്ചിരുന്നു.