ന്യൂഡൽഹി: അസം എൻആർസി സ്റ്റേറ്റ് കോർഡിനേറ്റർ വർഗീയ പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണം നൽകാൻ അസം സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. എൻആർസി സ്റ്റേറ്റ് കോർഡിനേറ്റർ ഹിതേഷ് ദേവ് ശർമ്മയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ സർക്കാരിനോട് വിശദീകരണം തേടിയത്. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലാണ് ഹർജി സമർപ്പിച്ചത്.
അതേസമയം പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിൽ അയക്കില്ലെന്നും മാതാപിതാക്കളിൽ നിന്ന് വേർപിരിക്കില്ലെന്നും അറ്റോർണി ജനറൽ അറിയിച്ചു. പട്ടികയിൽ നിന്നും പുറത്തായ കുട്ടികൾക്കായി സമർപ്പിച്ച ഹർജിയിലാണ് സർക്കാരിനായി എ.ജി കെ.കെ വേണുഗോപാൽ ഇക്കാര്യം കോടതിയെ അറിയിച്ചത്. വിഷയത്തിൽ വിവിധ ഹർജികളിൽ കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.