ന്യൂഡല്‍ഹി: നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമയുടെ അപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു. ഹര്‍ജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. ദയാഹര്‍ജി നിരസിക്കാനുള്ള ശുപാർശയിൽ ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവർണറും ആഭ്യന്തരമന്ത്രിയും ഒപ്പിട്ടിട്ടില്ലെന്ന് വിനയ് ശർമയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ, എ എസ് ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ശുപാർശയിൽ ഗവർണറും ആഭ്യന്തരമന്ത്രിയും ഒപ്പിട്ടിട്ടുണ്ടെന്ന് കണ്ടെത്തി.
രാഷ്‌ട്രപതിയുടെ നടപടി തിടുക്കത്തിലെടുത്തതാണെന്ന് ആരോപിച്ചാണ് വിനയ് ശർമ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫെബ്രുവരി ഒന്നിനാണ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിങ് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.