ന്യൂഡൽഹി: വാട്‌സ്ആപ്പിനെതിരെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീം കോടതി. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച വാട്ട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയാണ് പരിഗണിക്കാതിരുന്നത്. ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഡൽഹി ഹൈക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും സിഎഐടിക്ക് നൽകി. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ ടെക് ഭീമന്മാരെ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും സിഎഐടി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
വാട്‌സ്ആപ്പ് പുറത്തിറക്കിയ പുതുക്കിയ വിവാദ സ്വകാര്യതാ നയം ഉടൻ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. പൗരന്മാരുടെ സ്വകാര്യത അവകാശങ്ങൾ സംരക്ഷിക്കുന്നതിലൂടെ ഭരണഘടനാപരമായ കടമയും ഉത്തരവാദിത്തവും നിറവേറ്റുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഫേസ്ബുക്കുമായോ അതിന്‍റെ ഏതെങ്കിലും പോഷക കമ്പനികളുമായോ ഉപയോക്താക്കളുടെ വിശദാംശങ്ങൾ പങ്കിടുന്നതിൽ നിന്ന് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയെ വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യൻ ഉപയോക്താക്കളുടെ ശേഖരിച്ച വിവരങ്ങൾ വീണ്ടെടുക്കുന്നതിനും നശിപ്പിക്കുന്നതിനുമായി ഇന്ത്യയിൽ നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ സെന്‍ററുകളിൽ ടെക്‌നിക്കൽ ഓഡിറ്റുകൾ നടത്താൻ സർക്കാരിനെ അനുവദിക്കണമെന്ന് വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും നിർദേശം നൽകിയിട്ടുമുണ്ട്. പുതുക്കിയ സ്വകാര്യതാ നയം പൗരന്മാരുടെ മൗലികാവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്നും സിഎഐടി കൂട്ടിച്ചേർത്തു. പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് മുതലായ വിദേശ സ്ഥാപനങ്ങൾ ശേഖരിക്കുകയാണെന്നും രാജ്യത്തിന് പുറത്തേക്ക് കൈമാറുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.