ന്യൂഡൽഹി: തെലങ്കാന സെക്രട്ടേറിയറ്റ് പൊളിച്ചുമാറ്റുന്നതിനെ ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് ജീവൻ റെഡ്ഡി സമർപ്പിച്ച ഹർജി സുപ്രീം കോടതി നിരസിച്ചു. നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ച് പുതിയ സമുച്ചയം നിർമിക്കാനുള്ള തെലങ്കാന സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌ത മറ്റ് പൊതുതാൽപര്യ ഹർജികൾ തെലങ്കാന ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു. ഭരണഘടനയുടെ 136-ാം വകുപ്പ് പ്രകാരം സുപ്രീം കോടതിക്ക് അപേക്ഷകൾ സ്വീകരിക്കാനും സർക്കാർ തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്നുമുള്ള ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീം കോടതി ശരിവച്ചു .
കെട്ടിടങ്ങൾക്ക് നിരവധി പോരായ്‌മകളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തിയതായി സുപ്രീം കോടതി ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു. സെക്രട്ടറിയേറ്റ് പൊളിക്കാനുള്ള സർക്കാർ പ്രവർത്തനങ്ങൾ ഈ മാസം ഏഴിന് ആരംഭിച്ചിരുന്നു. ഏഴ് ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ളതും അത്യാധുനിക രീതിയിലുമുള്ള പുതിയ സെക്രട്ടേറിയറ്റ് നിർമാണത്തിന് 400 കോടി രൂപ ചെലവാകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നു. പൊളിച്ചുമാറ്റൽ ഈ മാസം 17 വരെ സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.