ന്യൂഡൽഹി: ജമ്മു കശ്മീരില്‍ 4 ജി ഇന്‍റർനെറ്റ് പുനസ്ഥാപിക്കുന്ന വിഷയത്തില്‍ നിലപാട് അറിയിക്കാൻ സുപ്രീംകോടതി ജമ്മു കശ്മീർ ഭരണകൂടത്തിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി ആർ ഗവായി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് നോട്ടീസ് നൽകിയത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ജമ്മു കശ്മീരിലെ സാങ്കേതികവിദ്യയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അഭിഭാഷകൻ ഹുസെഫ അഹമദ് വാദിച്ചു. എന്നാൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ആരും ഹാജരായില്ല. തുർന്നാണ് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന്‍റെ മറുപടി തേടി കോടതി നോട്ടീസ് അയച്ചത്.
കൊവിഡ് 19 പ്രതിസന്ധി തുടരുമ്പോൾ പൗരന്മാർക്ക് വിവരങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. ഇന്‍റർനെറ്റ് വേഗത കാലഹരണപ്പെട്ടതാണെന്നും നിലവിൽ ഉപയോഗപ്രദമല്ലെന്നും ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണലുകൾ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. "കൊവിഡ് 19 പകർച്ചവ്യാധി ഇന്ത്യ ഒട്ടാകെ പടർന്ന് പിടിക്കുകയാണ്. ഈ രോഗത്തെ നേരിടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്. ജമ്മു കശ്മീരിൽ ഇതിനകം തന്നെ 33 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 2 മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിവരങ്ങൾ തടയുന്നത് തികച്ചും യുക്തിരഹിതവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന്" പരാതിയിൽ പറയുന്നു.