ന്യൂഡൽഹി: കശ്‌മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന മുൻ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ളയെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എം.ഡി.എം.കെ നേതാവും എംപിയുമായ വൈക്കോ സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രീംകോടതി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തിനും ജമ്മു കശ്മീർ ഭരണകൂടത്തിനും സുപ്രീംകോടതി നോട്ടീസ് നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എസ്.എ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി. വൈക്കോയുടെ വാദം സെപ്റ്റംബർ 30 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഫാറൂഖ് അബ്‌ദുള്ള കരുതല്‍ തടങ്കലിലായത്
കഴിഞ്ഞ നാല് പതിറ്റാണ്ടായി താൻ ഫാറൂഖ് അബ്‌ദുള്ളയുടെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ വൈക്കോ, അബ്‌ദുള്ളയുടെ ഭരണഘടനാ അവകാശങ്ങൾ കരുതല്‍ തടങ്കലിന്‍റെ പേരില്‍ നഷ്‌ടപ്പെട്ടുവെന്നും ആരോപിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെയാണ് അദ്ദേഹത്തെ തടങ്കലില്‍ വച്ചിരിക്കുന്നതെന്നും വൈക്കോ കോടതിയെ അറിയിച്ചു.
ഫാറൂഖ് അബ്‌ദുള്ള തടങ്കലില്‍ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും അദ്ദേഹത്തിന് സഞ്ചാര സ്വാതന്ത്ര്യമില്ലെന്നും വൈക്കോ പ്രതികരിച്ചു.