ന്യൂഡല്‍ഹി: നിർഭയ കേസിലെ വധശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം തുടരുന്ന പശ്ചാത്തലത്തില്‍ വധശിക്ഷ ഉൾപ്പെടെയുള്ള ക്രിമിനല്‍ അപ്പീലുകൾ വേഗത്തില്‍ കേൾക്കുന്നതിനുള്ള മാർഗ നിർദേശങ്ങള്‍ സുപ്രീംകോടതി പുറത്തിറക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജികൾ ആറ് മാസത്തിനുള്ളില്‍ തീർപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശത്തില്‍ പറയുന്നു. ഹൈക്കോടതി സ്ഥിരീകരിക്കുകയോ ശരിവയ്ക്കുകയോ ചെയ്തതായ വധശിക്ഷകൾ അവധിക്കുവെച്ചാല്‍ ആറ് മാസത്തിനുള്ളില്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കണമെന്നും കോടതി പറഞ്ഞു. കേസിലെ എല്ലാ രേഖകളും രണ്ട് മാസത്തിനകം രജിസ്ട്രി തയ്യാറാക്കണം. പ്രത്യേക അവധി അപേക്ഷ സമർപ്പിച്ച വിവരം ലഭിച്ചതിന് ശേഷം രേഖകൾ പ്രാദേശിക ഭാഷയില്‍ വിവർത്തനം ചെയ്ത് കോടതി നിശ്ചയിച്ചിട്ടുള്ള തീയതിക്കുള്ളില്‍ കോടതിയില്‍ സമർപ്പിക്കണം.
ഹർജി ഫയലില്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ 30 ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്‍കണം. ഉടൻ തന്നെ കേസില്‍ അന്തിമവാദം ആരംഭിക്കുകയും വേണമെന്നും സുപ്രീംകോടതി ഇറക്കിയ ഉത്തരവില്‍ പറയുന്നു. നിർഭയ കേസിലെ പ്രതികളായ മുകേഷ് കുമാർ, പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരുടെ വധശിക്ഷ വിചാരണകോടതി സ്റ്റേ ചെയ്തിരുന്നു. നിയമപരമായ കാലാതാമസം വരുത്തുന്നത് പ്രതികളുടെ തന്ത്രമാണെന്ന് ആരോപിച്ച് രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ മാർഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.