ന്യൂഡൽഹി: സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ പരിഹാരമുണ്ടാക്കാൻ ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരാൻ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 43 ലക്ഷത്തോളം കേസുകളാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം കൂട്ടണമെന്നും ഹൈക്കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 62 വയസ്സിൽ നിന്ന് 65 വയസ്സാക്കണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് കത്തയച്ചിട്ടുള്ളത്.
സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്‌ജിമാരെ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും വരെ പുനർ നിയമിക്കണമെന്നാവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ആവശ്യത്തിന് ജഡ്‌ജിമാരില്ലാത്തതിനാൽ പല കേസുകളിലും അഞ്ചംഗ ബെഞ്ചിനെ നിയമിക്കാൻ സാധിച്ചിട്ടില്ലെന്ന് രഞ്ജൻ ഗോഗോയ് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ 31 പേരാണ് സുപ്രീംകോടതിയിൽ ജഡ്‌ജിമാരായുള്ളത്. സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 10 വർഷത്തിലെങ്കിലും കൂട്ടണമെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ ആവശ്യം.