ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ കേന്ദ്രത്തിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി. കേസിൽ ബെൽറ്റ് ബോംബ് സംബന്ധിച്ച് ചൊവ്വാഴ്ച സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കോടതി അതൃപ്‌തി പ്രകടിപ്പച്ചത്. ജസ്റ്റിസ് എൽ. നാഗേശ്വർ റാവുവിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ച് കേന്ദ്രത്തിന്‍റെ നിലപാട് വ്യക്തമാക്കി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
നിലവിലെ റിപ്പോർട്ടും കേന്ദ്രം സമർപ്പിച്ച മുൻ റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ലെന്നും രണ്ട് വർഷത്തിനിടയിൽ കേസിനുണ്ടായ പുരോഗതി വ്യക്തമാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസ് മറ്റൊരു ദിവസം വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച കോടതി തീയതി അറിയിച്ചിട്ടില്ല. രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമാണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ വിശദാംശങ്ങളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എ.ജി.പേരറിവാളന്‍റെ ഹർജിയുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് സമര്‍പ്പിച്ചത്.1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ മനുഷ്യബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. ശ്രീലങ്കൻ തീവ്രവാദി സംഘടനയായ എൽടിടിഇയുടെ പ്രവർത്തകയായിരുന്ന പതിനേഴുകാരി തനു ആയിരുന്നു മനുഷ്യ ബോംബായത്.