ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ നടത്തണമെന്ന യുജിസി നിർദേശത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇപ്പോൾ ഒരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും ആഗസ്റ്റ് 10ന് വിഷയത്തിൽ കൂടുതൽ വാദം കേൾക്കാമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ബീഹാറിലെയും ആസാമിലെയും പ്രളയബാധിത പ്രദേശങ്ങളിൽ നിരവധി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതിനാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ അഭിഭാഷകൻ അലക് അലോക് ശ്രീവാസ്തവ സുപ്രീംകോടതിയിൽ അഭ്യർഥിച്ചു. അവസാന വർഷ നിയമ വിദ്യാർഥി യഷ് ദുബെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് വാദിച്ചു. നേരത്തെയുള്ള പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം ജൂലൈ 6ന് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ വിശകലനം ചെയ്യാൻ അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ നടത്താനുള്ള തീരുമാനത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് യുജിസി അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം ഉടൻ തന്നെ ഉണ്ടായേക്കാമെന്നും വിദ്യാർഥികൾ തയ്യാറായിരിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാൽ മേത്ത പറഞ്ഞു.