ന്യൂഡൽഹി: സെപ്റ്റംബർ 25 വരെയുള്ള ലോക്ക്ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത ശേഷം റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച് നൽകണമെന്ന ആവശ്യവുമായി സമർപ്പിച്ച് ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. റീഫണ്ട് സംബന്ധിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതിന് ഉത്തരങ്ങൾ നൽകി സത്യവാങ്മൂലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകി.
ഏജന്‍റുമാർ വഴിയോ വിമാനക്കമ്പനികൾ വഴിയോ ബുക്ക് ചെയ്യാതെയുള്ള ആഭ്യന്തര വിമാനങ്ങൾക്കായുള്ള എല്ലാ ടിക്കറ്റുകളുടെയും പണം തിരികെ നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മെയ് 24 വരെ ലോക്ക്ഡൗണിന് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് ക്രെഡിറ്റ് ഷെല്ലും ആനുകൂല്യങ്ങളും നൽകും. മെയ് 24 ന് ശേഷം ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ റീഫണ്ട് നിയന്ത്രിക്കുന്നത് സിവിൽ ഏവിയേഷൻ റിക്വയർമെന്‍റ്സ് ആണ്. അതേസമയം, ലോക്ക്ഡൗൺ കാലയളവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്ക് മുഴുവൻ ടിക്കറ്റ് തുകയും തിരികെ നൽകിയതായി ഇൻഡിഗോ അടക്കമുള്ള എയർലൈൻസ് സുപ്രീം കോടതിയെ അറിയിച്ചു.