ന്യൂഡല്‍ഹി: കൊവിഡിനെതിരെ മനുഷ്യരില്‍ അണുനാശിനിയും അള്‍ട്രാവയലറ്റ് രശ്‌മികളും ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനായി നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഒരു മാസത്തിനുള്ളില്‍ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. മനുഷ്യനുമേല്‍ കെമിക്കല്‍ അണുനാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ഡിസിന്‍ഫക്‌ടന്‍റ് ടണലുകളുടെ നിര്‍മാണവും, ഉപയോഗവും പരസ്യവും നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
കെമിക്കല്‍ അണുനാശിനികള്‍ തളിക്കുന്നത് ശാരീരികമായും മാനസികമായും ദോഷകരമാണെന്ന നിലപാട് സ്വീകരിച്ചിട്ടും ടണലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാത്തതെന്താണെന്ന് സെപ്‌റ്റംബര്‍ 7ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. കൊവിഡിനെതിരെ മനുഷ്യരെ അണുവിമുക്തമാക്കുന്നതിനായി അള്‍ട്രാവയലറ്റ് രശ്‌മികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത കോടതിയെ അറിയിച്ചു. കെമിക്കല്‍ അണുനാശിനികള്‍ തളിക്കുന്നത് മനുഷ്യര്‍ക്ക് ദോഷകരമാണെന്ന് മെഹ്‌ത വ്യക്തമാക്കിയിരുന്നു.
ഗുര്‍സിമ്രാന്‍ സിങ് നറുല നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടതെന്നും സാമ്പത്തിക സഹായവും, നിര്‍ദേശങ്ങള്‍ നല്‍കുന്നതിലുമായി സര്‍ക്കാറിന്‍റെ പങ്ക് പരിമിതപ്പെട്ടിരിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഡിസിന്‍ഫക്‌ടന്‍റ് ടണലുകള്‍, വിവിധ രാസവസ്‌തുക്കള്‍, അണുനാശിനി തളിക്കള്‍ എന്നിവയുടെ ഉപയോഗവും ഫലപ്രാപ്‌തിയും വിശകലനം ചെയ്യുന്നതിനായി ആരോഗ്യ ഡയറക്‌ടര്‍ ജനറലിന്‍റെ കീഴില്‍ ജൂണ്‍ 9ന് ഉന്നതതല യോഗം നടത്തിയിരുന്നുവെന്നും കേന്ദ്രത്തിന്‍റെ സത്യവാങ്‌മൂലത്തില്‍ പറയുന്നു. രോഗബാധിതനില്‍ നിന്നും വൈറസ് പകരുന്നത് തടയാനായി ഡിസിന്‍ഫക്‌ടന്‍റ് ടണലുകള്‍, ക്യാബിനറ്റുകള്‍, കാമ്പറുകള്‍ എന്നിവയിലൂടെ അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ലെന്ന് കമ്മിറ്റി ആവര്‍ത്തിച്ചതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു.