ന്യൂഡൽഹി: മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങൾ കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം യഥാസമയം നൽകണമെന്ന നിർദേശം പാലിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഇത് നടപ്പാക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും ശമ്പളം കൃത്യമായ സമയത്ത് ഇവർക്ക് ഉറപ്പാക്കണമെന്നും കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നല്‍കി.
ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്‍റൈൻ സമയത്തെപ്പറ്റിയും ഈ കാലയളവിലെ അവരുടെ ശമ്പളത്തെപ്പറ്റിയും വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ കേന്ദം നിസ്സഹായരല്ലെന്നും നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.
ദുരന്ത നിവാരണ നിയമ പ്രകാരം നടപടികൾ സ്വീകരിക്കണമെന്നും കോടതി സോളിസിറ്റർ ജനറലിനോട് പറഞ്ഞു. സുപ്രീം കോടതിയുടെ ജൂൺ 17ലെ നിർദേശപ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും ജൂൺ 18ന് നിർദേശം നൽകിയതായി കോടതിയെ തുഷാർ മേത്ത അറിയിച്ചു.