ന്യൂഡൽഹി: ആന്ധ്രയിലെ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ ഒരാഴ്ച്ച സമയം നൽകി സുപ്രീംകോടതി. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഉത്തരവ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. രമേഷ് കുമാറിനെ വീണ്ടും എസ്.ഇ.ഒ പദവിയിൽ തന്നെ നിയോഗിച്ചതിന് പിന്നാലെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ രൂക്ഷമായ പ്രതികരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എൻ. രമേഷ് കുമാറിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയെ സമീപിച്ചത്.
എസ്‍ഇസിയുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് ആന്ധ്ര സർക്കാർ ഏപ്രിലിൽ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. തുടർന്ന് രമേഷ് കുമാർ എസ്ഇസിയായി തുടരുന്നത് അവസാനിപ്പിക്കുകയും വിരമിച്ച ജസ്റ്റിസ് വി. കനഗരാജിനെ നിയമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും രമേഷ് കുമാറിനെ തന്നെ പദവിയിൽ നിയോഗിച്ചത്.