ന്യൂ ഡല്‍ഹി: ശ്രീനഗറില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മുകശ്‌മീര്‍ മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌ത്തിയെ കാണാന്‍ മകള്‍ ഇല്‍ത്തിജയ്‌ക്ക് സുപ്രീം കോടതിയുടെ അനുമതി. ചീഫ് ജസ്‌റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കഴിഞ്ഞ ഒരു മാസമായി അമ്മയെ കാണാന്‍ സാധിച്ചിട്ടില്ലെന്നും, അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി ഇല്‍ത്തിജ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന 370- അനുച്ഛേദം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് മെഹബൂബ മുഫ്‌തി അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. മുഫ്തിയോടൊപ്പം വീട്ടുതടങ്കലിലുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് തരിഗാമിയെ സന്ദർശിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന ആവശ്യവുമായി ഇല്‍ത്തിജ കോടതിയെ സമീപിച്ചത്. തരിഗാമിയെ സന്ദർശിച്ച ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യ നില മോശമാണെന്ന് ചൂണ്ടിക്കാട്ടി യച്ചൂരി നല്‍കിയ ഹര്‍ജിയെത്തുടർന്ന് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.