ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വിദേശത്തുനിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ അടുത്ത 10 ദിവസത്തേക്ക് മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യക്ക് സുപ്രീംകോടതി അനുമതി നല്‍കി. 10 ദിവസത്തിന് ശേഷം മധ്യ സീറ്റുകൾ ഒഴിച്ചിടാൻ നിർദേശിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കാൻ എയർലൈൻസിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സാമൂഹ്യ അകലം പാലിക്കുന്നതിനായി നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന് മാർച്ച് 23 ഡിജിസിഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാലിത് വന്ദേ ഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് മെയ് 22ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാര്‍ഗനിര്‍ദേശം അസാധുവാണെന്ന് എയര്‍ ഇന്ത്യ കോടതിയെ അറിയിച്ചു. എന്നാല്‍ മുഴുവന്‍ സീറ്റും നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ബോംബെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേതുടര്‍ന്നാണ് എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്.
ഡിജിസിഎയുടെ സര്‍ക്കുലര്‍ വാണിജ്യ വിമാനങ്ങൾക്ക് മാത്രമേ ബാധകമാകൂവെന്നും വന്ദേ ഭാരത് ദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങൾക്കല്ലെന്നും എസ്.ജി തുഷാർ മേത്ത സുപ്രീംകോടതിയില്‍ വാദിച്ചു. മാർച്ച് 22ന് പുറത്തിറക്കിയ സർക്കുലറിൽ മധ്യ സീറ്റുകൾ ഒഴിച്ചിടാനുള്ള നിർദേശങ്ങളൊന്നുമില്ലായിരുന്നെന്നും മാർച്ച് 23ലെ സർക്കുലർ അസാധുവാക്കിയതാണെന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
കൊവിഡ് വ്യാപനം തടയാന്‍ വിമാനത്തിനകത്തും സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം ജനങ്ങളുടെ ആരോഗ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്കണ്ഠപ്പെടേണ്ടത് അല്ലാതെ വിമാനക്കമ്പനികളുടെ കാര്യത്തിലല്ലെന്നും കോടതി പറഞ്ഞു.