ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീംകോടതിയോട് മാപ്പ് പറഞ്ഞു. കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന പരാമർശത്തിലാണ് രാഹുലിനെതിരെ കോടതിയക്ഷ്യ കേസ് നൽകിയിരുന്നത്. സുപ്രീംകോടതിയിൽ രാഹുൽഗാന്ധി പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.
ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ)യെന്ന് കോടതിയും സമ്മതിച്ചുവെന്ന പരാമര്‍ശത്തിലാണ് മാപ്പ് പറഞ്ഞത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. സംഭവത്തിൽ രാഹുൽ സുപ്രീംകോടതിക്ക് മുന്നിൽ ഖേദ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഖേദ പ്രകടനം മാത്രം പോര നിരുപാധികം മാപ്പ് പറയണമെന്ന് എതിര്‍ കക്ഷിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. തുടർന്ന് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വിയോട് നിർദേശിച്ചു. ഇന്ന് സുപ്രീം കോടതി 'കാവൽക്കാരൻ കള്ളനാണ് എന്ന് കോടതി കണ്ടെത്തി' എന്ന പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറയുകയാണെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി.