ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഹർജി ഉടൻ കേൾക്കണമെന്ന കൊൽക്കത്ത മുൻ കമ്മിഷണർ രാജീവ് കുമാറിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. അറസ്റ്റ് തടഞ്ഞ നടപടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് തടഞ്ഞ ഉത്തരവ് കോടതി പിൻവലിച്ചത്. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം
ചിട്ടി തട്ടിപ്പ് കേസില്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് രാജീവ് കുമാറിനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ സിബിഐ അനുമതി തേടിയത്. വൻ തുക മടക്കിക്കൊടുക്കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയതാണ് 2014 ൽ രജിസ്റ്റര്‍ ചെയ്ത ശാരദാ ചിട്ടിതട്ടിപ്പ് കേസ്. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കുന്നത്.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍ . എന്നാൽ കോടതി തന്നെ നിര്‍ദ്ദശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോൾ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്നാണ് ആരോപണം.