ചണ്ഡീഗഢ്: പഞ്ചാബില്‍ ശിരോമണി അകാലിദൾ നേതാവിനെ അക്രമികൾ വെടിവച്ച് കൊന്നു. ഗുര്‍ദീപ് സിങ് (50) എന്നയാളെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊന്നത്. അമൃത്‌സറിലെ ഉമര്‍പുര എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഭരണകക്ഷിയായ കോൺഗ്രസിന്‍റെ നിര്‍ദേശപ്രകാരം നടത്തിയ രാഷ്‌ട്രീയ പ്രേരിത കൊലപാതകമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ നവംബറിന് ശേഷം ശിരോമണി അകാലിദൾ (എസ്എഡി) നേതാക്കൾക്ക് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. അകാലിദള്‍ ഗുരുദാസ്‌പൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റായ ദല്‍ബീര്‍ സിങ് ധില്‍വാന്‍ എന്നയാൾ കഴിഞ്ഞ നവംബറില്‍ സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.
ഗുര്‍ദീപ് സിങ് ഗുരുദ്വാരയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഗുര്‍ദീപ് സിങിന് നേരെ ആക്രമണമുണ്ടായത്. മുതിർന്ന അകാലിദൾ നേതാവും മുൻ മന്ത്രിയുമായ ബിക്രം സിങ് മജിതിയയുമായി അടുത്ത അടുപ്പമുള്ള ആളായിരുന്നു ഗുർദീപ് സിങ്. ഗുണ്ടാ നേതാവ് ജഗ്ഗു ഭഗവാൻപുരിയുടെ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും എസ്‌എഡി നേതാക്കൾ ആരോപിച്ചു. ഗുർദീപിനെ വെടിവച്ച ശേഷം അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഹർമൻജീത്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.