ന്യൂഡല്‍ഹി: പാകിസ്ഥാൻ അനുകൂല വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്ന് ഷെർ ഐ കശ്മീർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് ഡയറക്ടർ ഡോ. ജി.എൻ അഹനാഗർ പറഞ്ഞു. ഗീലാനിയുടെ ആരോഗ്യ നിലയില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ അറിയിക്കാൻ അധികൃതർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധനക്കായി വിദഗ്‌ധ സംഘത്തെ ഗിലാനിയുടെ വസതിയിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും ഇന്ന് നേരിയ പുരഗോതിയുണ്ടെന്നും അഹനാഗർ പറഞ്ഞു. ഗീലാനിയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീലാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞ ദിവസം ജമ്മു ആൻഡ് കശ്മീർ ഭരണകൂടവും അറിയിച്ചിരുന്നു. സയ്യിദ് അലി ഷാ ഗീലാനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കശ്മീർ ഡിവിഷണൽ കമ്മിഷണർ ബഷീർ അഹമ്മദ് ഖാൻ പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കിംവദന്തികൾ സൃഷ്ടിക്കുന്നവർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കശ്മീർ ഡിവിഷണൽ കമ്മിഷണർ പറഞ്ഞു.
അതിനിടെ, കശ്മീർ താഴ്‌വരയില്‍ സുരക്ഷ ശക്തമാക്കി. ഓൾ പാർട്ടി ഹുറിയത്ത് നേതാക്കളും ഇമാമുകളും അടിയന്തരമായി ശ്രീനഗറിലെ ഈദ് ഗാഹില്‍ ഒത്തു ചേരണമെന്ന് മുസഫറാബാദില്‍ നിന്നുള്ള ആൾ പാർട്ടി ഹുറിയാത്ത് ആവശ്യപ്പെട്ടതോടെയാണ് താഴ്‌വരയില്‍ സുരക്ഷ ശക്തമാക്കിയത്. ശ്രീനഗറിലെ മസർ-ഇ ഷുഹാദ ഈദ്ഗാഹില്‍ ഖബറടക്കണമെന്നുള്ളതാണ് ഗിലാനിയുടെ ആഗ്രഹമെന്നും രണ്ട് പേജുള്ള പ്രസ്താവനയില്‍ ഓൾ പാർട്ടി ഹുറിയത്ത് പറയുന്നു. ഇതേ തുടർന്നാണ് പ്രവർത്തകരോട് ഒത്തുചേരാൻ ആവശ്യപ്പെട്ടത്.
ജമ്മു കശ്മീരിലെ വിഘടനവാദി കൂട്ടായ്മയായ ഓൾ പാർട്ടീസ് ഹുറിയത്ത് കോൺഫറസിന്‍റെ ചെയർമാനായി പ്രവർത്തിച്ചയാളാണ് ഗീലാനി. 1972ല്‍ സോപോർ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎൽഎയായി മാറിയ ഗീലാനി 1977 ലും 1987 ലും ഇതേ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു.