ഹൈദരാബാദ്: ചൊവ്വാഴ്ചകകം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാകാത്ത ടി.എസ്.ആര്‍.ടി.സി ജീവനക്കാരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് അറിയിച്ച് തെലുങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ജോലിക്കെത്താത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരെ തിരിച്ചെടുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമയപരിധിക്കുള്ളില്‍ തൊഴിലാളികളും ജീവനക്കാരും തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അയ്യായിരം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുമെന്നും പിന്നീട് ആര്‍.ടി.സി എന്ന പേരില്‍ ഒരു സ്ഥാപനം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 10400 റൂട്ടുകളില്‍ 5100 റൂട്ടുകള്‍ സ്വകാര്യമേഖലക്ക് നല്‍കാനും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് റഗുലേറ്ററി കമീഷന്‍ രൂപീകരിക്കാനും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
അതേസമയം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് കത്ത് നല്‍കുന്നതിനായി ടി.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ സുനില്‍ ശര്‍മ ജില്ലാ കലക്ടറുടെ ഓഫീസും, പൊലീസ് സൂപ്രണ്ട് കാര്യാലയവും ഉള്‍പ്പെടുന്ന ഓഫീസുകളുടെ പട്ടിക പുറത്തിറക്കി. കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പണിമുടക്കിന്‍റെ സ്ഥിതിഗതികളും, ഹൈക്കോടതി നടപടികളും വിലയിരുത്താന്‍ പ്രഗതി ഭവനില്‍ അവലോകന യോഗവും ചേര്‍ന്നു.