ന്യൂഡൽഹി: അയോധ്യ കേസില്‍ വിധി വരാനിരിക്കേ ആർഎസ്എസ് നേതൃത്വം ബിജെപിയിലെ മുസ്ലിം നേതാക്കളുമായി മാരത്തൺ ചർച്ച നടത്തി. സമൂഹത്തിൽ സമാധാനവും ഐക്യവും ഉറപ്പുവരുത്തുന്നതിന് മുസ്ലിം നേതാക്കളെ മുൻനിരയിൽ നിർത്തുക എന്നതാണ് ആർഎസ്‌എസിൻ്റെ സമീപനം. ഇതിനായി നാല് കമ്മിറ്റികള്‍ രൂപീകരിച്ചു. മുസ്ലിം സമൂഹവുമായി ആശയവിനിമയം നടത്തുന്നതിനാണ് കമ്മിറ്റികള്‍ രൂപീകരിച്ചത്.
മുക്താർ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈൻ, ഷാസിയ ഇൽമി, ബിജെപി ന്യൂനപക്ഷ സെൽ ദേശീയ പ്രസിഡൻ്റ് അബ്ദുൾ റാഷിദ് അൻസാരി, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സയ്യിദ് ഗെയ്‌റുൽ ഹസൻ റിസ്വി, മുതിർന്ന ആർഎസ്എസ് നേതാക്കളായ കൃഷ്ണ ഗോപാൽ, ഇന്ദ്രേഷ് കുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. വിധിയെ തുടർന്ന് സമൂഹത്തിൽ സൗഹാർദ്ദപരമായ അന്തരീക്ഷവും ഐക്യവും നിലനിർത്തുന്നതിന് ഉറപ്പാക്കേണ്ട വഴികളാണ് ചർച്ച ചെയ്‌തത് എന്നാണ് ആർഎസ്‌എസ് അറിയിച്ചത്.