ലക്‌നൗ: നോയിഡയിലും ഗ്രേറ്റർ നോയിഡയിലും പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ കടുത്ത പിഴ. നിയമം ലംഘിച്ചാൽ ആദ്യ തവണ 500 രൂപയും ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നിയമങ്ങൾ കർശനമാക്കിയത്. ഉത്തരവനുസരിച്ച് പൊതു സ്ഥലങ്ങളിൽ ഗുട്ട്കയോ പുകയിലയോ തുപ്പുന്നത് നിയമ ലംഘനമാണ്. നിയമം ലംഘിച്ചാൽ 1000 രൂപ വരെയാണ് പിഴ.
ഉമിനീരിലെ അണുക്കൾ 24 മണിക്കൂർ വരെ അന്തരീക്ഷത്തിൽ നിലനിൽക്കും. ഇത് രോഗം പകരാനുള്ള സാധ്യത വർധിപ്പിക്കും. കൊവിഡിന് മാത്രമല്ല, കടുത്ത പനി, ക്ഷയം, കരൾവീക്കം, ന്യുമോണിയ എന്നീ രോഗങ്ങളും പകരാൻ സാധ്യത ഏറെയാണ്. നിയമലംഘനം നടത്തിയതിന് ചൊവ്വാഴ്‌ച മൂന്ന് പേർക്ക് 500 രൂപ പിഴ ചുമത്തി. നോയിഡ, കക്രല, നംഗല ഗ്രാമം എന്നീ സ്വദേശികൾക്കാണ് പിഴ ചുമത്തിയത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയുള്ള നിർദേശങ്ങൾ മെയ് മൂന്നിന് മുമ്പ് പൊലീസ് അറിയിച്ചിരുന്നു. ഗൗതം ബുദ്ധനഗർ ജില്ലയുടെ ഭാഗമാണ് നോയിഡ. 192 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌ത പ്രദേശം ഇപ്പോൾ റെഡ് സോണിലാണ്.