ന്യൂഡല്‍ഹി: റോഹ്താങ് തുരങ്കം ഇനി അടല്‍ തുരങ്കം എന്നറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹിമാചല്‍ പ്രദേശിനെ ലഡാക്ക്, ജമ്മു കശ്മീരിനെയും മണാലിയേയും ലേയുമായി ബന്ധിപ്പിക്കുന്ന പ്രധാന തുരങ്കമാണിത്.
മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. അടല്‍ ബിഹാരിയുടെ പിറന്നാൾ ദിവസമായ ഡിസംബര്‍ 25ന് ഹിമാചലിലെ ജനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്‍റെ ഒരു ചെറിയ സമ്മാനമാണിതെന്ന് നരേന്ദ്രമോദി പറഞ്ഞു.
വിജ്ഞാന ഭവനിലെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 2003ൽ വാജ്‌പേയി റോഹ്താങ് തുരങ്കത്തിന്‍റെ തറക്കല്ലിട്ടത്. ഹിമാചൽ പ്രദേശ് മന്ത്രിസഭ 2018 ഓഗസ്റ്റ് 20ന് ചേർന്ന യോഗത്തിൽ മുൻ പ്രധാനമന്ത്രിയുടെ പേരിൽ തുരങ്കത്തിന് പേരിടാൻ നിർദേശിച്ചു. ലാഹോൾ താഴ്‌വരയുടെ ഉൾപ്രദേശങ്ങളെ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഹ്താങ് തുരങ്കം 1998ലാണ് വാജ്‌പേയി വിഭാവനം ചെയ്തത്. 2000 ജൂൺ 3ന് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചു.