ന്യൂഡൽഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രോഹിത്തിന്‍റെ ഭാര്യ അപൂര്‍വ ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 16 നാണ് കൊല നടന്നത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് ഞായറാഴ്ച മുതൽ അപൂർവയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.
വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം കൊലപ്പെടുത്തിയെന്നാണ് അപൂർവയുടെ മൊഴി. ഏപ്രിൽ 15-ന് അർധരാത്രി രോഹിതുമായി വഴക്കുണ്ടായി. തുടർന്ന്, രോഹിതിനെ അപൂർവ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. മദ്യലഹരിയിലായതിനാൽ രോഹിതിന് എതിർക്കാൻ സാധിച്ചില്ല. പിന്നീട് തെളിവുകൾ നശിപ്പിച്ചു.
രോഹിതിന്‍റെയും അപൂർവയുടെയും ദാമ്പത്യജീവിതം സുഖകരമായിരുന്നില്ലെന്ന് രോഹിതിന്‍റെ അമ്മ ഉജ്ജ്വല വെളിപ്പെടുത്തിയിരുന്നു. അപൂർവയും ബന്ധുക്കളും ചേർന്ന് രോഹിതിന്‍റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നെന്നും അവർ ആരോപിച്ചിരുന്നു.
ഏപ്രിൽ 16-നാണ് രോഹിതിനെ മരിച്ച നിലയിൽ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചത്. ഉറക്കത്തിൽ ഹൃദയാഘാതം കാരണം മരിച്ചെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാൽ, ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇതോടെ കൊലപാതകത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു.