ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍. റോബർട്ട് വദ്ര ഡല്‍ഹി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വാദം. മുൻകൂര്‍ ജാമ്യാപേക്ഷയെ അന്വേഷണ സംഘം എതിർത്തു. അന്വേഷണവുമായി വദ്ര സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്താലേ മുന്നോട്ട് പോകാനാവൂയെന്നും ഇ ഡി പറഞ്ഞു. ലണ്ടനിൽ പതിനേഴ് കോടി രൂപയുടെ ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നാണ് റോബർട്ട് വദ്രക്കെതിരായ കേസ്. കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കും.
റോബര്‍ട്ട് വദ്രക്ക് ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാന്‍ അനുമതി കോടതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ എട്ട് വരെ സ്പെയിനില്‍ പോകാനാണ് ഡല്‍ഹിയിലെ ഒരു കോടതി വദ്രക്ക് അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ പോകാന്‍ അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വദ്രയുടെ അപേക്ഷയെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ലണ്ടന്‍, യുഎസ്, നെതര്‍ലാന്‍റ്സ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് വദ്ര അനുമതി ആവശ്യപ്പെട്ടിരുന്നു. ചികിത്സയ്ക്ക് വേണ്ടിയായിരുന്നു വിദേശത്ത് പോകാൻ അനുമതി തേടിയത്. ലണ്ടന്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് കോടതി അദ്ദേഹത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.