കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വാദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലണ്ടനിൽ ബ്രയൻസ്റ്റൺ സ്‍ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വാദ്രയെ ചോദ്യം ചെയ്യുന്നത്. റോബർട്ട് വാദ്രക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആദ്യമായാണ് റോബർട്ട് വാദ്ര അന്വേഷണ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
അതേസമയം താൻ ഭർത്താവിനൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഭർത്താവിനൊപ്പം പോയത് ഇതേ സന്ദേശമാണ് നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലാണ് വാദ്രയുടെ കേസിന് പിന്നിലെന്നും പ്രിയങ്ക പ്രതികരിച്ചു.
ഇന്നലെ ആറ് മണിക്കൂറോളം റോബർട്ട് വാദ്രയെ ഈഡി ചോദ്യം ചെയ്തിരുന്നു. ഇന്ന് പാർലമെന്‍റിൽ റോബർട്ട് വാദ്രക്കെതിരായ എൻഫോഴ്‌സ്‌മെന്‍റ് കേസിൽ കോൺഗ്രസ് പ്രതിഷേധമുയർത്തിയേക്കും. അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച ഇന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളിലും നടക്കും. ചർച്ചക്ക് ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞേക്കും.