ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് വരെ പ്രിയങ്കാ ഗാന്ധിയും റോബര്‍ട്ട് വദ്രയുടെ ഒപ്പമുണ്ടായിരുന്നു.
ഡൽഹിയിലെ ഓഫീസില്‍ എത്തിയാണ് വദ്ര ചോദ്യം ചെയ്യലിന് വിധേയനായത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി അടുത്തിടെ നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധിയെ ആക്രമിക്കാന്‍ ഹവാലാ കേസില്‍ വദ്ര പ്രതിയായ സംഭവം ബി.ജെ.പി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.
ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുമ്പേ പ്രിയങ്ക തിരിച്ചുപോയി. എഴുതി തയ്യാറാക്കിയ 40 ലേറെ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വദ്രയോട് ചോദിച്ചത്. ഇവയ്ക്ക് മറുപടി എഴുതി നല്‍കുകയാണ് വദ്ര ചെയ്തത്.
ഈ മാസം 16 വരെ ഡല്‍ഹി കോടതി വദ്രക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വദ്രയോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് വദ്ര ഇഡിക്കു മുന്നില്‍ ഹാജരായത്.