ഡല്‍ഹി: ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വദ്രയുടേതടക്കം നാല് പേരുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്‍റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡല്‍ഹി സുഖ്ദേവ് വിഹാറിലെ ഭൂമി അടക്കം എൻഫേഴ്സ്മെന്‍റ് കണ്ടുകെട്ടിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി റോബര്‍ട്ട് വദ്രയേയും മാതാവിനെയും ജയ്പൂരില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം മാതാവ് മൗറിന്‍ വദ്രയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചെങ്കിലും വദ്രയെ ചോദ്യം ചെയ്യുന്നത് തുടരുകയായിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കിയെന്നാണ് എൻഫേഴ്സ്മെന്‍റിന്‍റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എൻഫോഴ്സ്മെന്‍റ് കേസെടുത്തത്.