മുംബൈ: ഇന്ന് അന്തരിച്ച പ്രശസ്‌ത നടനും സംവിധായകനും നിർമാതാവുമായ ഋഷി കപൂറിന്‍റെ മൃതദേഹം സംസ്‌കരിച്ചു. 67 വയസായിരുന്നു. സൗത്ത് മുംബൈയിലെ ചാന്ദൻവാടി ക്രിമിറ്റേറിയത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 8.45നാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് നില അതീവ ഗുരുതരമായതിനെ തുടർന്ന് ഋഷി കപൂറിനെ മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് പൊലീസ് സുരക്ഷയോടെയാണ് മൃതദേഹം ക്രിമിറ്റേറിയത്തിൽ എത്തിച്ചത്. ഭാര്യ നീതു സിങ്, മക്കളായ രൺബീർ കപൂർ, റിദ്ദിമ കപൂറും ബോളിവുഡിലെ നിരവധി താരങ്ങളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.