എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന സുപ്രീം കോടതി വിധി വന്നിരിക്കുന്നു. ഇതോടെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വിവരാവകാശ നിയമത്തിന്‍റെ പരിധിയിലായി. പുതിയ ഉത്തരവ് രാജ്യത്തെ നിയമ സംവിധാനം കൂടുതല്‍ ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് പൗരന്മാര്‍. പൊതു അതോറിറ്റിയെന്ന നിലയില്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരുന്ന ഓഫീസാണ് ചീഫ് ജസ്റ്റിസ് ഓഫീസുമെന്നാണ് (സിജെഐ) ഭരണഘടന ബെഞ്ചിന്‍റെ വിധിയുണ്ടായത്. വിവരാവകാശവും സ്വകാര്യതയ്ക്കുള്ള അവകാശവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്നും അഞ്ചംഗ ബഞ്ച് നിരീക്ഷിച്ചിരുന്നു. പക്ഷേ ഈ വിധിയോടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ അനാവശ്യ ഇടപെടലുണ്ടാകരുതെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യത ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തരുതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിലൂടെ ജഡ്ജിമാരും അഭിഭാഷകരും നിയമത്തിന് അതീതരാകുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയതിനെ രാജ്യം സ്വാഗതം ചെയ്തു.
അഴിമതിക്കെതിരെയുള്ള അവസാന പ്രതീക്ഷയാണ് വിവരാവകാശനിയമമെന്നിരിക്കെ പുതിയ വിധിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാരുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ സുതാര്യത ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്ര അഗർവാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഓഫീസ് നിഷേധിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. വിവരങ്ങൾ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) ഉത്തരവിട്ടതോടെ അസാധാരണമായ ഒരു സംഘർഷം ഉടലെടുത്തിരുന്നു. ജുഡീഷ്യൽ സ്വാതന്ത്ര്യം എന്നാൽ എക്സിക്യൂട്ടീവിന്‍റെ ഇടപെടലിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കുന്നതാണെന്നും എന്നാൽ പൊതുപരിശോധനയിൽ നിന്ന് അതിനെ സ്വതന്ത്രമാക്കാനാകില്ലെന്നുമുള്ള പ്രശാന്ത് ഭൂഷണിന്‍റെ പ്രസ്താവനയും വിധിയെ സ്വാധീനിച്ചു. ജുഡീഷ്യൽ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി വിവരങ്ങൾ തടഞ്ഞുവയ്ക്കണമോ എന്നതായിരുന്നു ബെഞ്ച് നേരിട്ട പ്രധാന ചോദ്യം. ഇന്ത്യൻ ജനാധിപത്യത്തിൽ, പൗരന്മാരാണ് പരമോന്നത പങ്കാളികൾ. വിവരങ്ങളറിയാനുള്ള അവരുടെ ഭരണഘടനാപരമായ അവകാശവും ഈ ആര്‍ട്ടിക്കിളിന്‍റെ പരിധിയിൽ വരുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.
ദേശീയ സുരക്ഷയുടെ പേരിലും കേന്ദ്രത്തിന് വിവരങ്ങള്‍ തടഞ്ഞുവയ്ക്കാനാകില്ലെന്ന് 2019 ഏപ്രിലിൽ സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. 2005 ൽ വിവരാവകാശ നിയമത്തിന്‍റെ തുടക്കം മുതല്‍ സര്‍ക്കാരുകള്‍ അത് ദുർബലപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ തവണയും വിവരാവകാശ നിയമം സംരക്ഷിക്കുന്നത് സുപ്രീം കോടതിയാണെന്നതും ഈ വിധിയോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതായുണ്ട്. പുതിയ വിധിന്യായത്തോടെ, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം ഊട്ടിയുറപ്പിക്കാൻ കോടതിക്കായി. വിവരാവകാശ നിയമത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച നിയമങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യ എത്തിയെങ്കിലും സർക്കാരിന്‍റെ അനാസ്ഥ കാരണം ഇന്ത്യ ആറാം റാങ്കിലേക്ക് താഴ്ന്നു.