ന്യൂഡല്‍ഹി: കൗണ്ടിങ് സെന്‍ററുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് വോട്ടുകളും എണ്ണുന്നതിനൊപ്പം തന്നെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. മിനിറ്റുകള്‍ക്കകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും. തെരഞ്ഞെടുപ്പ് നടന്ന 542 ലോക്സഭ മണ്ഡലത്തിലും രാവിലെ എട്ട് മുതല്‍ വോട്ടുകൾ എണ്ണിത്തുടങ്ങി.
അടുത്ത അഞ്ച് വർഷം രാജ്യം ആര് ഭരിക്കുമെന്നത്തിന്‍റെ സൂചനകൾ ഉച്ചയോടെ വ്യക്തമാകും. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകിട്ട് ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. സർവീസ് വോട്ടർമാരുടെ എണ്ണം 18 ലക്ഷം വരും. 18 ലക്ഷത്തില്‍ 16.49 ലക്ഷം പേർ പോസ്റ്റല്‍ ബാലറ്റ് വഴി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 67.11ശതമാനമായിരുന്നു പോളിംഗ്. 2000ല്‍ ജനിച്ച ഇന്ത്യൻ പൗരമാർ ആദ്യമായി വോട്ട് രെഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.