ന്യൂഡല്‍ഹി: കർഷകരുടെ പ്രതിഷേധ സ്ഥലങ്ങൾക്ക് സമീപം ചില ഭാഗങ്ങളിൽ റദ്ദാക്കിയ ഇൻറർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ക്രാന്‍റികാരി കിസാൻ യൂണിയൻ നേതാവ് ദർശാൽ പാൽ സർക്കാരിനോട് അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം കർഷകർ ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കര്‍നാല്‍, കൈതാല്‍, പാനിപ്പത്, അംബാല എന്നിവയുൾപ്പെടെ 17 ജില്ലകളിലെ എല്ലാ മൊബൈൽ ഇന്‍റര്‍നെറ്റ്, എസ്എംഎസ്, ഡോംഗിൾ സേവനങ്ങളും ജനുവരി 30ന് വൈകുന്നേരം 5 മണി വരെ ഹരിയാന സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. അതേസമയം വോയ്‌സ് കോളുകളെ സസ്‌പെൻഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയിൽ ദേശീയ തലസ്ഥാനത്ത് അക്രമങ്ങൾ നടന്നതിനെ തുടർന്നാണ് നടപടി. സോഷ്യല്‍ മീഡിയവഴി വ്യാപകമായി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുകയാണെന്നും ഇത് തടയുകയാണ് ഇന്‍റര്‍നെറ്റ് റദ്ദാക്കലിന്‍റെ ലക്ഷ്യമെന്നും ഹരിയാന സര്‍ക്കാര്‍ പറയുന്നു.
അതേസമയം, ഡല്‍ഹി-ഹരിയാന അതിർത്തിയിലെ സിങ്കു, തിക്രി എന്നിവിടങ്ങളിൽ കനത്ത സുരക്ഷാ വിന്യാസം തുടരുകയാണ്. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) അനുയായികൾ വെള്ളിയാഴ്ച ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ തടഞ്ഞിരുന്നു.