മുംബൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ ജനസാഗരമായി മുംബൈ മറൈന്‍ ഡ്രൈവ്. ഞായറാഴ്ച വൈകിട്ടാണ് വ്യായാമത്തിനും ഉല്ലാസത്തിനുമായി ജനങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക് എത്തിയത്. ഇതില്‍ പലരും മാസ്ക് ഉപയോഗിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്പോട്ടിലാണിതെന്നത് ഭീതി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വ്യായാമങ്ങള്‍ക്കും മറ്റുമായി സുരക്ഷാ മുന്‍കരുതലുകളോടെ പുറത്തിറങ്ങാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചത്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ട്. മാര്‍ക്കറ്റുകളും കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 85,975 ആണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം. 3,007 പുതിയ കേസുകളാണ് ഞായറാഴ്ചമാത്രം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലെ 61 അടക്കം 91 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുംബൈയില്‍ മാത്രം 48,774കേസുകളാണുള്ളത്. 1,638 പേര്‍ മരിച്ചു. 5,58,463 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 28,504 ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലുണ്ട്.