ന്യൂഡൽഹി: ജനുവരി 26ന് കർഷകരുടെ ട്രാക്‌ടർ റാലിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 38 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും 84 പേരുടെ അറസ്റ്റ് രെഖപ്പെടുത്തിയെന്നും ഡൽഹി പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 1,700 മൊബൈൽ വീഡീയോകളും സിസിടിവി ദൃശ്യങ്ങളും പൊതുജനങ്ങളിൽ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചതായും പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ചും ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘവും ശനിയാഴ്‌ച റെഡ് ഫോർട്ട് പ്രദേശത്ത് പരിശോധന നടത്തി.
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. മാർച്ചിനിടെ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിക്കുകയും ചെയ്‌തിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ 26നാണ് വിവിധ കർഷക സംഘടനകൾ ഡൽഹി അതിർത്തിയിൽ പ്രതിഷേധം ആരംഭിച്ചത്.