ഹൈദരാബാദ്: കാറ്റാടിപാടങ്ങളുടെയും, കനാലുകളുടെയും, നിറമുള്ള പൂക്കളുടെയും, സൈക്കിളുകളുടെയും നാട് - നെതര്‍ലാന്‍ഡ്. ഈ നാടിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം ഇന്ത്യക്കാരുടെയും മനസില്‍ ആദ്യമെത്തുന്നത് രേഖയും, അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ച 80 കളിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ സില്‍സിലയിലെ ഗാനരംഗങ്ങളായിരിക്കും. ഈ സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ നിരവധി സിനിമകളില്‍ നെതര്‍ലന്‍ഡ്‌സിന്‍റെ സൗന്ദര്യം ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
എന്നാല്‍ പലര്‍ക്കുമറിയാത്ത ചില കൗതുകമുണര്‍ത്തുന്ന കാര്യങ്ങളില്‍ നമ്മുടെ രാജ്യവും നെതര്‍ലാന്‍ഡും തമ്മില്‍ ഒത്തുചേര്‍ന്നു കിടക്കുന്നുണ്ട്. 17-ാം നൂറ്റാണ്ടില്‍ നെതര്‍ലാന്‍ഡ്‌സില്‍ ജീവിച്ചിരുന്ന ലോകം കണ്ട ഏറ്റവും മികച്ച ചിത്രക്കാരനായ റബ്രാന്തിന്‍റെ ലോക പ്രശസ്‌ത ചിത്രങ്ങള്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ട്. ഇന്ത്യയില്‍ നിലനിന്നിരുന്ന മുഗള്‍ സാമ്രാജ്യത്തിന്‍റെ രാജസദസുകള്‍ റബ്രാന്തിന്‍റെ രണ്ട് ഡസനോളം സൃഷ്‌ടികള്‍ക്ക് വിഷയങ്ങളായി.
![Venu Rajamony India’s Ambassador to the Netherlands India-Netherlands Relation India and the Netherlands, Past, Present and Future ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും - ഭൂതം, വര്‍ത്തമാനം, ഭാവി വേണു രാജമോനി സ്‌മിത ശര്‍മ](https://etvbharatimages.akamaized.net/etvbharat/prod-images/4652829_indianether.jpeg)
ഇന്ത്യയുയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള ബന്ധത്തില്‍ ഇത്തരത്തിലുള്ള നിരവധി കൗതുകമുണര്‍ത്തുന്ന വസ്‌തുതകള്‍ നിറച്ചുവച്ചിരിക്കുകയാണ് ഇന്ത്യ ആന്‍ഡ് നെതര്‍ലാന്‍ഡ് - പാസ്‌റ്റ്, പ്രസന്‍റ്, ഫ്യൂച്ചര്‍ എന്ന പുസ്‌തകത്തില്‍ ഹേഗിലെ ഇന്ത്യന്‍ സ്ഥാനപതിയായ വേണു രാജമോനി.
![Venu Rajamony India’s Ambassador to the Netherlands India-Netherlands Relation India and the Netherlands, Past, Present and Future ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും - ഭൂതം, വര്‍ത്തമാനം, ഭാവി വേണു രാജമോനി സ്‌മിത ശര്‍മ](https://etvbharatimages.akamaized.net/etvbharat/prod-images/4652829_indianether1.jpeg)
നെതര്‍ലാന്‍ഡും, പോര്‍ച്ചുഗലും തമ്മില്‍ ഏറ്റുമുട്ടിയ ചരിത്രപ്രാധാന്യമുള്ള യുദ്ധങ്ങളെക്കുറിച്ചും, നെതര്‍ലാന്‍ഡ്‌സിന്‍റെ സുവര്‍ണ കാലഘട്ടത്തിന്‍റെ തകര്‍ച്ചയെക്കുറിച്ചും വ്യക്‌തമായ ചിത്രം പുസ്‌കത്തില്‍ രചയിതാവ് രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യത്തിന്‍റെ ചരിത്രത്തിലെ കറുത്ത അധ്യായമായ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നറിയപ്പെട്ട വി.ഒ.സി യുടെ (വീനിഡ്‌ജ് ഓസ്‌ടിന്‍ഡിഷേ കമ്പനി) അടിമക്കച്ചവടത്തെക്കുറിച്ചും പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നു. ഒപ്പം ബ്രിട്ടീഷ് കാലഘട്ടത്തിനും മുന്‍പ് ആരംഭിച്ച ഇന്ത്യയും നെതര്‍ലാഡ്സും (ഡച്ചുകാര്‍) തമ്മിലുള്ള വ്യാപാരബന്ധത്തിന്‍റെ ചരിത്രവും പുരോഗതിയും, ഉഭയകക്ഷി ബന്ധത്തിലെ സംഘര്‍ഷങ്ങളും നേട്ടങ്ങളും രാജമോനി പുസ്‌തകത്തില്‍ ഉള്‍ക്കൊളളിച്ചിരുന്നു. ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ബന്ധത്തിന്‍റെ ചരിത്രം ഒരു തരത്തില്‍ മറന്നുപോയ ചരിത്രമാണ്. അതില്‍ മാറ്റമുണ്ടാകണം, ഇരു രാജ്യത്തിന്‍റെയും പുരോഗതിയില്‍ നിര്‍ണായ മാറ്റമുണ്ടാക്കിയ ആ ചരിത്രം നാം വായിച്ചറിയണമെന്ന് എഴുത്തുകാരന്‍ അഭിപ്രായപ്പെടുന്നു. ചരിത്രത്തെ വ്യക്‌തമാക്കുന്ന രേഖകള്‍ക്കൊപ്പം ചിത്രകാരന്‍ റബ്രാന്തിന്‍റെ ചില ചിത്രങ്ങളും പുസ്‌കത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഡച്ച് - മുഗള്‍ ബന്ധത്തിന്‍റെ ശക്തി വെളിപ്പെടുത്തുന്ന സൃഷ്‌ടികളാണവ.
"സത്യത്തില്‍ കടല്‍ കടന്ന് യാത്ര ചെയ്യാത്തയാളാണ് റബ്രാന്ത്. ഒരിക്കല്‍പ്പോലും രാജ്യത്തിന് പുറത്ത് പോകാത്തയാള്‍. എന്നിട്ടും അദ്ദേഹത്തിന്‍റെ 25 ചിത്രങ്ങളില്‍ ഇന്ത്യ (മുഗള്‍ രാജസദസ്) വിഷയമായി. മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യയിലുണ്ടായിരുന്ന ഡച്ച് ചിത്രകാരന്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റബ്രാന്ത് ചിത്രങ്ങള്‍ വരച്ചതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. 17 നൂറ്റാണ്ടിലെ മൂഗള്‍ സാമ്രാട്ട് ജഹാംഗീറും, അദ്ദേഹത്തിന്‍റെ രാജസദസുകളുമാണ് റബ്രാന്ത് ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്.ബ്രിട്ടീഷുകാരുടെ കപ്പലില്‍ ചുരുക്കം ചില നെതര്‍ലാന്‍ഡ്‌സുകാര്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്. പക്ഷേ വളരെ വലിയ വ്യാപാര ബന്ധം ഇന്ത്യയുമായി അവര്‍ സൃഷ്‌ടിക്കുകയുണ്ടായി. തുണിത്തരങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമൊപ്പം, ഇന്ത്യയുടെ തനതായ കലയും, അറിവുകളും ഡച്ചുകാര്‍ കടലുകടത്തി കൊണ്ടുപോയിരുന്നു. നെതര്‍ലാന്‍ഡിസിന്‍റെ സുവര്‍ണ കാലഘട്ടം കൂടിയായിരുന്നു ആ വര്‍ഷങ്ങള്‍" വേണു രാജമോനി കൂട്ടിച്ചേര്‍ത്തു. 17-ാം നൂറ്റാണ്ടില്‍ കടല്‍കടന്നുള്ള വ്യാപാരത്തില്‍ ലോകത്തിലെ പ്രാധാനശക്‌തിയായി നെതര്‍ലാന്‍ഡ് ഉയര്‍ന്നുവന്നു.
യൂറോപ്പിന്‍റെ വാണിജ്യകേന്ദ്രമായി ആംസ്‌റ്റര്‍ഡാം മാറി. ലോകത്തിലെതന്നെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമായി വി.ഒ.സി (വീനിഡ്‌ജ് ഓസ്‌ടിന്‍ഡിഷേ കമ്പനി) വളര്‍ന്ന ചരിത്രവും വേണു രാജമോനി ഇന്ത്യ ആന്‍ഡ് നെതര്‍ലാന്‍ഡ് - പാസ്‌റ്റ്, പ്രസന്‍റ്, ഫ്യൂച്ചറില്‍ കുറിച്ചിട്ടിരിക്കുന്നു. തമിഴ് ജനതയുമായും, അവരുടെ സംസ്‌കാരവുമായും ഡച്ചുകാര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഡച്ചുകാരുടെ ഇന്ത്യയിലെ നാല് പ്രധാന കേന്ദ്രങ്ങളില്‍ ഇന്നത്തെ തമിഴ്‌നാടിന്‍റെ ഭാഗമായ കോരോമാണ്ടെലും ഉണ്ടായിരുന്നു. തുണിക്കച്ചവടത്തിന്‍റെ കേന്ദ്രമായിരുന്നു കോരോമാണ്ടെല്‍. ഡച്ച് മന്ത്രിയും, മിഷിനറിയുമായിരുന്ന ഫിലിപ്പസ് ബാള്‍ഡ്യൂസിന്‍റെ ജീവിത ചരിത്രത്തിലും തമിഴ് ഭാഷയെക്കുറിച്ചും, സംസ്‌കാരത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
"അവരുടെ സാമൂഹിക നിലവാരം പല സാംസ്കാരികമായി ഉന്നതരാണെന്ന് ഭാവിക്കുന്ന പല യൂറോപ്യന്‍മാര്‍ക്കും അപമാനകരമാണ്" ഒരിക്കല്‍ ഇന്ത്യയെ പ്രതിപാദിച്ച് ബാള്‍ഡ്യൂസ് ഇങ്ങനെ കുറിക്കുകയുണ്ടായി. മാത്രമല്ല ആദ്ദേഹം തമിഴിലേക്ക് വിവര്‍ത്തനം ചെയ്‌ത "ദൈവത്തിന്‍റെ പ്രാര്‍ഥന" എന്ന പുസ്‌തകമാണ് യൂറോപ്പില്‍ അച്ചടിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷയിലുള്ള ചിത്രം. ഇത്തരത്തില്‍ നമ്മളില്‍ ഭൂരിഭാഗത്തിനും അറിയാത്ത ഇന്ത്യാ നെതര്‍ലാന്‍ഡ്‌സ് ബന്ധത്തിന്‍റെ ഭൂതവും,വര്‍ത്തമാനവും, ഭാവിയുമാണ് വേണു രാജമോനി രചിച്ച ഇന്ത്യ ആന്‍ഡ് നെതര്‍ലാന്‍ഡ് - പാസ്‌റ്റ്, പ്രസന്‍റ്, ഫ്യൂച്ചര്‍.നെതര്‍ലാന്‍ഡ്‌സ് രാജകുടുംബത്തിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആംസ്‌റ്റര്‍ഡാമിലെ ദേശീയ മ്യൂസിയത്തില്‍ കഴിഞ്ഞ ചൊവാഴ്ച നടന്ന ചടങ്ങില്‍ നെതര്‍ലാന്‍ഡ്‌സ് രാജാവും, രാജ്ഞിയും ചേര്‍ന്നാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്.