ലഖ്‌നൗ: സ്വത്തു തർക്കത്തെത്തുടർന്ന് 26 വയസുകാരൻ കുടുംബത്തിലെ ആറ് പേരെ വെട്ടിക്കൊന്നു. ലഖ്‌നൗവിലെ ഗുഡൗലി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അച്ഛൻ, അമ്മ, സഹോദരൻ, സഹോരന്‍റെ ഭാര്യ,അനന്തരവന്‍, അനന്തരവൾ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി അജയ് സിംഗ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.പ്രതിയുടെ പിതാവ് അമർ സിംഗ്, അമ്മ രാം ദുലാരി, ഇളയ സഹോദരൻ അരുൺ സിംഗ്, ഭാര്യ രാം സഖി, രണ്ട് മക്കളായ സൗരഭ്, സരിക എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതി അജയ് സിംഗ് മാനസിക അസ്ഥിരത ഉള്ള ആളാണെന്ന് ജോയിന്‍റ് പൊലീസ് കമ്മിഷണർ (ക്രൈം) നിലാബ്ജ ചൗധരി പറഞ്ഞു. ലഖ്‌നൗ പൊലീസ് കമ്മിഷണർ സുജിത് പാണ്ഡെ സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബത്തിന്‍റെ സ്വത്ത് മുഴുവൻ പിതാവ് സഹോദരന് കൈമാറിയതിൽ അജയ് അസ്വസ്ഥനായിരുന്നുവെന്ന് ഡിസിപി ദിനേശ് സിംഗ് പറഞ്ഞു. കൊലപാതകത്തിന്‍റെ പിന്നിലെ കാരണങ്ങളെക്കുറിച്ചറിയാൻ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.വീടിനുള്ളിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. സഹോദരന്‍റെ മൃതദേഹം വീടിന് പുറത്തു നിന്നാണ് കണ്ടെത്തിയത്.
കൊലപാതകത്തിൽ ഇയാൾക്ക് പശ്ചാത്താപം ഉണ്ടായിരുന്നില്ലെന്നും കൗമാരക്കാരനായ മകൻ അവിനാഷിനൊപ്പമാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതെന്നും ബന്താരയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രമേശ് സിംഗ് റാവത്ത് പറഞ്ഞു.അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിലവിളി കേട്ട് പ്രദേശവാസികൾ ഓടി കൂടിയെങ്കിലും രക്തത്തിൽ കുതിർന്ന അരിവാളുമായി നിൽക്കുന്ന അജയ് സിങ്ങിനെ ഭയന്ന് ആരും വീട്ടിൽ പ്രവേശിക്കാൻ തുനിഞ്ഞില്ലെന്ന് നാട്ടുകാർ പറഞ്ഞു.
സ്ഥലത്ത് സംഘട്ടനം നടന്നതിന്‍റെ തെളിവുകൾ ലഭിച്ചതായും വാക്കു തർക്കത്തിനും സംഘട്ടനത്തിനും ശേഷമാണ് ഇയാൾ കൊലപാതകം നടത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ആയച്ചതായും പൊലീസ് പറഞ്ഞു.