ചണ്ഡീഗഡ്: ഈ മാസം അവസാനത്തോടെ കർതാർപൂർ ഇടനാഴിയുടെ പണി പൂർത്തിയാക്കുമെന്ന് ലാൻഡ് പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൽപിഐഐ) ചെയർമാൻ അറിയിച്ചു. 4.2 കിലോമീറ്റർ നീളമുള്ള ഇടനാഴിയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യൻ തീർഥാടകർക്ക് പാകിസ്ഥാനിലെ ദേര ബാബ നാനാകിന്‍റെ സമാധി സ്ഥലം സന്ദർശിക്കാൻ സൗകര്യം ഒരുങ്ങും. തീർഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 20ന് ആരംഭിക്കുമെന്നും ചെയർമാൻ ഗോവിന്ദ് മോഹൻ സ്ഥിരീകരിച്ചു. കർതാർപൂർ വഴി ഗുരുദ്വാര സന്ദർശിക്കുന്നതിന് പാസ്‌പോർട്ട് നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഖ് മത സ്ഥാപകൻ ഗുരുനാനാക് ദേവിന്‍റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി ഒക്ടോബർ 31 നകം ഇടനാഴി തുറക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം പ്രതിദിനം 5,000 തീർഥാടകർക്ക് ഗുരുദ്വാര സന്ദർശിക്കാൻ സാധിക്കും. തീർഥാടകർ ഇന്ത്യൻ അതിർത്തി കടക്കുന്ന അതേ ദിവസം തന്നെ കർതാർപൂർ ദേവാലയം സന്ദർശിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
പാകിസ്ഥാനിലെ നരോവല്‍ ജില്ലയിലാണ് കര്‍താര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. അതേസമയം ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്ഥാൻ ക്ഷണമില്ല. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ക്ഷണിക്കുമെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹബൂദ് ഖുറേഷി വീഡിയോയിലൂടെ അറിയിച്ചിരുന്നു.