ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സജീവ കേസുകളുടെ ഇരട്ടിയിലധികമാണ് രോഗം ഭേദമായവരുടെ എണ്ണമെന്നും ആരോഗ്യ മന്ത്രാലയം. ആദ്യത്തെ ലോക്ക് ഡൗണിന് ശേഷം മരണനിരക്കിൽ കുറവുണ്ടായെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 6.6 ലക്ഷത്തിലധികം ടെസ്റ്റുകൾ ഉൾപ്പെടെ രണ്ട് കോടിയിലധികം കൊവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടത്തിയതായും കൊവിഡ് മുക്തരായവരുടെ എണ്ണം സജീവ കൊവിഡ് കേസുകളുടെ ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ലോക്ക്ഡൗണിനുശേഷം ആദ്യമായാണ് മരണനിരക്ക് 2.10%ആയെന്നും ഇത് ഒരു നല്ല സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി രാജ്യം 21 ദിവസത്തെ ലോക്ക്ഡൗണിന് കീഴിലായിരുന്നു. നിലവിൽ ഇന്ത്യ ഇതിന്‍റെ മൂന്നാം ഘട്ടത്തിലാണ്. കൊവിഡ് മരണങ്ങളിൽ 68 ശതമാനം പുരുഷന്മാരിലും 32 ശതമാനം സ്ത്രീകളിലുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർടി - പിസിആർ, ദ്രുത ആന്‍റിജൻ ടെസ്റ്റുകൾ എന്നിവയുടെ പരിശോധന ശേഷി പല സംസ്ഥാനങ്ങളും വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ നടത്തുന്ന പരിശോധനകളെക്കാൾ 28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും (യുടി) നടത്തുന്നുണ്ടെന്നും ഗോവ, ഡൽഹി, ത്രിപുര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങൾ പരീക്ഷണ ശേഷി വർദ്ധിപ്പിച്ചുവെന്നും ഭൂഷൺ പറഞ്ഞു.
രാജ്യത്ത് 12 ലക്ഷത്തിലധികം ആളുകൾ ഇതിനകം സുഖം പ്രാപിച്ചതായും രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 5,86,298 ആണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാജ്യത്ത് 52,050 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,55,746 ആയി. 12,30,510 പേർ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടതായും 38,938 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.