ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 57,584 പേർ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിൽ 19 ലക്ഷത്തിലധികം പേർ കൊവിഡ് മുക്തരായെന്നും കൊവിഡ് മുക്തരായവരുടെ നിരക്ക് 72.51 ശതമാനമായി ഉയർന്നെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഫലപ്രദമായ രീതിയിലും സമഗ്രമായും സാഹചര്യങ്ങൾ വിലയിരുത്താനായതിനാലും കൊവിഡ് പരിശോധന വർധിപ്പിച്ചതിനാലുമാണ് വിജയം സാധ്യമാകുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ ക്ലിനിക്കൽ മാനേജ്മെന്‍റ് പ്രോട്ടോക്കോൾ അനുസരിച്ച് കൃത്യമായ രീതിയിലാണ് സർക്കാർ കൊവിഡ് പ്രോട്ടോക്കോൾ പിന്തുടർന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫലപ്രദമായ ക്ലിനിക്കൽ മാനേജ്മെന്‍റ് രീതികൾ നല്ല ഫലം നൽകുന്നു. ഓരോ ദിവസവും കൊവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടെന്നും രോഗികളെ നേരത്തെ കണ്ടെത്താനാകുന്നത് ചികിത്സയെ സഹായിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതേ സമയം രാജ്യത്തെ കൊവിഡ് മരണ നിരക്ക് 1.92 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് പുതുതായി 57,981 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 26,47,663 ആയി ഉയർന്നു. 24 മണിക്കൂറിൽ 941 പേരാണ് കൊവിഡ് മൂലം മരിച്ചത്.