മുംബൈ: ലോക്ക്ഡൗൺ 19 ദിവസത്തേക്ക് നീട്ടുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാജ്യത്തൊട്ടാകെ 20.3 കോടി പേർ ടെലിവിഷനിൽ കണ്ടതായി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ. ഇന്ത്യയിൽ മഹാമാരി ആരംഭിച്ചതുമുതൽ മോദി നാല് തവണ ജനങ്ങളെ അഭിസംബോധന ചെയ്തു. 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് 193 ദശലക്ഷം ആളുകളാണ് കണ്ടത്. ഇത് ഒരു റെക്കോർഡ് കൂടിയാണെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്‍റെ ചീഫ് എക്സിക്യൂട്ടീവ് സുനിൽ ലുല്ല പറഞ്ഞു.
കൊവിഡിന് മുമ്പുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ 12 വരെയുള്ള ടിവി ഉപഭോഗം 38 ശതമാനം ഉയർന്നതായി കൗൺസിൽ റിപ്പോർട്ട് ചെയ്തു. പ്രധാനമായും ദേശീയ ബ്രോഡ്കാസ്റ്റർ ദൂരദർശൻ ആണ് മുന്നില്‍ നിൽക്കുന്നത്. രാമായണം, മഹാഭാരതം തുടങ്ങിയ ക്ലാസിക് ഷോകൾ ആരംഭിച്ചതോടെ സ്വകാര്യമേഖല ചാനലുകളെ ദൂരദർശൻ മറികടന്നിട്ടുണ്ട്.
കൊവിഡ് -19 പ്രതിസന്ധിയെ കുറിച്ച് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ വളരെയധികം ശ്രദ്ധാലുവാണെന്ന് മാർക്കറ്റ് ഗവേഷകൻ എസി നീൽസൻ പറഞ്ഞു. ഗൂഗിളിൽ 40 ശതമാനത്തിലധികം തിരയലുകൾ വൈറസുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് ശതമാനം ആളുകൾ പകർച്ചവ്യാധി സംബന്ധിച്ചുള്ള വെബ്‌സൈറ്റുകൾ പതിവായി സന്ദർശിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്.