മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് പണലഭ്യത വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു. നിരക്ക് നാല് ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായാണ് കുറച്ചത്. അതേസമയം, റിപ്പോ നിരക്ക് 4.4 ശതമാനമായി തുടരും. സംസ്ഥാന സര്‍ക്കാറുകൾക്കും കൂടുതൽ പണമെത്തിക്കാൻ ലക്ഷ്യമിട്ടാണ് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനം. നാബാഡ്, സിഡ്ബി എന്നിവയ്ക്ക് 50,000 കോടി രൂപ വീതം നൽകും. ബാങ്കുകൾക്ക് 50,000 കോടി രൂപയുടെ സഹായമാണ് നൽകുക. ബാങ്കിങ് ഇതര മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും തുക ലഭ്യമാക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
ആഗോള സാമ്പത്തിക രംഗത്ത് വൻ തകർച്ച നേരിടുമ്പോഴും ഇന്ത്യ 1.9 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. ജി 20 രാജ്യങ്ങളിൽ ഏറ്റവും മികച്ച വളർച്ച ഇന്ത്യയുടേതാണ്. 2021-22ൽ 7.4 ശതമാനം വളർച്ചാനിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നത്.