ന്യൂഡല്‍ഹി: കൊവിഡ് ദ്രുത പരിശോധന താല്‍കാലികമായി നിര്‍ത്തിവെക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആശ്യപ്പെട്ടു. റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് കിറ്റുകളുടെ കൃത്യത പരിശോധിക്കുന്നതുവരെയാണ് ഉപയോഗം നിര്‍ത്തിവെക്കാൻ ഐസിഎംആർ നിര്‍ദേശിച്ചത്. രാജ്യത്തിന്‍റെ പലകോണുകളിൽ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ വീഴ്‌ച ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്‌ധർ രംഗത്തെത്തിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്‍റെ അധ്യക്ഷതയിൽ ശനിയാഴ്‌ച ചേർന്ന കൊവിഡ് 19 യോഗത്തിൽ വിഷയം ചര്‍ച്ച ചെയ്‌തു.
പ്രധാനമായും ചൈനയിൽ നിന്ന് വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കൃത്യത ഐസിഎംആർ പരിശോധിക്കുന്നുണ്ട്. രണ്ട് ചൈനീസ് കമ്പനികളിൽ നിന്ന് ഇന്ത്യ അഞ്ച് ലക്ഷം ആന്‍റിബോഡി ടെസ്റ്റിങ് കിറ്റുകൾ വാങ്ങിയിരുന്നു. ചൈനയുടെ ടെസ്റ്റിങ് കിറ്റുകൾക്ക് കൃത്യതയില്ലെന്ന് മറ്റ് പല രാജ്യങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. അതേസമയം രണ്ട് ചൈനീസ് കമ്പനികളും (വോണ്ട്ഫോ ബയോടെക്, ലിവ്‌സൺ ഡയഗ്നോസ്റ്റിക്‌സ്) തങ്ങളുടെ കിറ്റുകൾക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അവകാശപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ ടെസ്റ്റിങ് കിറ്റ് ഉപയോഗിക്കുന്ന രീതിയിലാവും പ്രശ്‌നമെന്ന് അവര്‍ ആരോപിച്ചു.
റാപ്പിഡ് ടെസ്റ്റ് ഫലങ്ങളെ പൂർണമായി വിശ്വസിക്കാനാകില്ലെന്നും മുൻകരുതലായി മാത്രം റാപ്പിഡ് ടെസ്റ്റുകളെ പരിഗണിച്ചാൽ മതിയെന്നും ഐസിഎംആർ വിശദീകരിച്ചു. ആര്‍ടി- പിസിആര്‍ പരിശോധനക്ക് മാത്രമേ കൊവിഡ് 19 സ്ഥിരീകരിക്കാനാവു എന്ന് ഐസിഎംആര്‍ വക്താവ് ഡോ. രമൺ ആർ ഗംഗാഖേദ്‌കർ പറഞ്ഞു. ദ്രുത പരിശോധനയെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് പശ്ചിമ ബംഗാളാണ്. പിന്നീട് ഐസിഎംആർ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ദ്രുത പരിശോധനയുടെ കൃത്യതയില്ലായ്‌മ പരിശോധിച്ചു. എട്ട് ഐസിഎംആർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ടീമുകൾ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കൃത്യത പരിശോധിക്കുമെന്നും ശേഷം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിര്‍ദേശം നല്‍കുമെന്നും ഡോ.ഗംഗാഖേദ്‌കര്‍ പറഞ്ഞു.