പീഡനക്കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ജോധ്പൂർ കോടതി തള്ളി. 77 കാരനായ ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പിതാവിന്‍റെ കൂടെ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ മകൻ നാരായൺ സായ് പ്രതിയാണ്. ലോകത്തെമ്പാടുമായി ആശാറാം ബാപ്പുവിന് 400 ഓളം ആശ്രമങ്ങളുണ്ട്.
2002 നും 2004 നും ഇടയിൽ സൂറത്തിലെ രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഇതിന് മുമ്പും ആശാറാം നിരവധി തവണ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതൊക്കെ കോടതി തള്ളിയിരുന്നു. ആശാറാം ബാപ്പുവിന്‍റെ ജോധ്പൂരിലെ വിചാരണ സമയത്ത് ഒമ്പത് സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിൽ വിചാരണയുടെ കാലഘട്ടത്തിൽ മൂന്നു പ്രധാന സാക്ഷികൾ മരണമടഞ്ഞു. ഇതിനെ തുടർന്ന് മറ്റുള്ള സാക്ഷികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.