ഡല്‍ഹി: ദേശീയ മെഡിക്കല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കി. രാജ്യമൊട്ടാകെ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരം നടത്തുന്നതിനിടെയാണ് ബില്‍ പാസാക്കിയത്. ഇതോടെ അലോപ്പതി ഇതര വിഭാഗത്തിനും ആധുനിക ചികിത്സ നടത്താന്‍ അനുമതി ലഭിക്കും. പരമ്പരാഗത ചികിത്സകര്‍ക്കും സര്‍ക്കാരിന് നിയന്ത്രിത ലൈസന്‍സ് നല്‍കാം. പി ജി പ്രവേശനത്തിന് എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ മാനദണ്ഡമാക്കും. നേരത്തേ ലോക്സഭയിലും ബില്‍ പാസായിരുന്നു. രാജ്യസഭയില്‍ ബില്‍ പാസായത് രണ്ട് ഭേദഗതികളോടെയാണ്. ഭേദഗതികളോടെ പാസാക്കിയതിനാല്‍ ബില്‍ വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് വരും.
അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കുമെന്ന് ഐഎംഎ അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് രാത്രി മുതല്‍ നിരാഹാര സമരം ആരംഭിക്കും. എല്ലാ മെഡിക്കല്‍ കോളജുകളിലെയും ക്ലാസുകള്‍ ബഹിഷ്കരിച്ച് വിദ്യാര്‍ഥികള്‍ നാളെ മുതല്‍ സമരം ചെയ്യും.