ഇംഫാല്‍: രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നാരോപിച്ച് മണിപ്പൂർ കോണ്‍ഗ്രസിലെ രണ്ട് എംഎൽഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ് ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. വാങ്‌ഖെ എംഎൽഎ ഒക്രം ഹെൻറി സിംഗ്, സാഗോൾബാൻഡ് എംഎൽഎ രാജ്കുമാർ ഇമോ സിംഗ് എന്നിവർക്കാണ് വെള്ളിയാഴ്ച നോട്ടീസ് നൽകിയത്.
ജൂൺ 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി ക്രോസ് വോട്ടിങ് നടത്തി. ഇത് പാര്‍ട്ടി തത്വങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണ് എന്നാണ് നോട്ടീസില്‍ പറയുന്നത്. ക്രോസ് വോട്ട് ചെയ്തതോടെ ബിജെപിയുടെ വിജയം എളുപ്പമാവുകയായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ഥി ടി മംഗി ബാബുവിനെയാണ് ബിജെപി സ്ഥാനാർഥി ലീസെംബ സനജോബ തോല്‍പ്പിച്ചത്. സനജോബയ്ക്ക് 28 വോട്ടുകളും മംഗി ബാബുവിന് 24 വോട്ടുകളുമാണ് ലഭിച്ചത്.
നേരത്തെ കോണ്‍ഗ്രസിന്‍റെ രണ്ട് എംഎല്‍എമാരും ബിജെപി സ്ഥാനാര്‍ഥിയുടെ വിജയാഘോഷ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ബംഗ്ലാവിലാണ് നടന്നത്. ഒക്രം ഹെന്‍റി മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്‍റെ അനന്തരവനും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമാണ്. പാർട്ടിയുടെ അനുമതിയില്ലാതെ ജൂൺ 30 ന് പ്രത്യേക വിമാനത്തിൽ മുഖ്യമന്ത്രിക്കൊപ്പം ന്യൂഡൽഹിയിലേക്ക് പോയതിന് രാജ്കുമാറിനെതിരെയും നടപടി സ്വീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് കോൺഗ്രസ് മണിപ്പൂർ യൂണിറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.