ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിഫൻസ് സ്റ്റാഫ് ചീഫ് (സി.ഡി.എസ്) ജനറൽ ബിപിൻ റാവത്തുമായും മറ്റു സൈനിക മേധാവികളുമായും ചർച്ച നടത്തി.
ലഡാക്ക് സെക്ടറിനും സിക്കിമിനുമൊപ്പമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ മെയ് ആദ്യ ആഴ്ച ചൈനീസ് സൈന്യം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. തുടർന്ന് നകുലാ പ്രദേശത്തെ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടലുണ്ടായി. അതേ സമയം കിഴക്കൻ ലഡാക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര ചർച്ചകൾ നടത്തി. അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പുവരുത്തുന്നതിനായി ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര ഇടപെടലുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ചൈന-ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്തെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് ഇരു രാജ്യങ്ങളും ഫലപ്രദമായ ആശയവിനിമയം നടത്തിയെന്നും ധാരണയിലെത്തിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു. കരാറിന് അനുസൃതമായി ഇരുപക്ഷവും നടപടിയെടുക്കുകയാണെന്നും അദേഹം പറഞ്ഞു.
ഫിംഗർ ഏരിയ, പാംഗോംഗ് ത്സോ തടാകം, ഗാൽവാൻ നാല പ്രദേശം എന്നിവയുൾപ്പെടെ കിഴക്കൻ ലഡാക്ക് പ്രദേശങ്ങളിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈന്യത്തെ നീക്കിയിരുന്നു. ഈ മാസം ആദ്യം 14 കോർപ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിങ്ങും ചൈനീസ് മേജർ ജനറൽ ലിയു ലിനും തമ്മിൽ ചുഷുലിന് എതിർവശത്തുള്ള മോൾഡോയിൽ ചർച്ചകൾ നടത്തിയിരുന്നു. ആദ്യ ഘട്ട ചർച്ചകൾക്ക് ശേഷം ഗാൽവാൻ നള, പിപി -15, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് രാജ്യങ്ങളുടെ സൈന്യം 2-2.5 കിലോമീറ്റർ പിന്നോട്ട് നീങ്ങി. ചൈന പതിനായിരത്തിലധികം സൈനികർക്കൊപ്പം ടാങ്കുകളും ലോംഗ് റേഞ്ച് പീരങ്കി തോക്കുകളും ഉൾപ്പെടെയുള്ള കനത്ത ആയുധങ്ങളും ലഡാക്കിലെ നിയന്ത്രണ രേഖയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ചൈന സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ ഗാൽവാൻ ഏരിയ, പട്രോളിംഗ് പോയിന്‍റ് 15 (114 ബ്രിഗേഡ് ഏരിയ), പട്രോളിംഗ് പോയിന്‍റ് 17 (ഹോട്ട് സ്പ്രിംഗ്സ്) എന്നിവയുൾപ്പെടെ മൂന്ന് സൈറ്റുകളിൽ തർക്കം പരിഹരിക്കുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ട്.