മധുര: രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളില്‍ ഒരാളായ രവിചന്ദ്രന് 15 ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്. പൊങ്കല്‍ പ്രമാണിച്ച് പ്രതിക്ക് പൊലീസ് സുരക്ഷ ഒരുക്കാന്‍ അസൗകര്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് ജസ്റ്റിസുമാരായ ടി.രാജയും ബി.പുകളേന്തിയും വെള്ളിയാഴ്ച മുതല്‍ പരോള്‍ അനുവദിച്ചത്.
ജീവപര്യന്തം ശിക്ഷ വിധിച്ച ശേഷം 27 വര്‍ഷമായി രവിചന്ദ്രന്‍ മധുരൈ സെന്‍ട്രല്‍ ജയിലില്‍ തടവിലാണെന്ന് അമ്മ കോടതിയെ അറിയിച്ചു. പരോളിനുള്ള അപേക്ഷ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിച്ചതായി അമ്മ ഹര്‍ജിയില്‍ ആരോപിച്ചു. നേരത്തേ രവിചന്ദ്രനെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. രവിചന്ദ്രനൊപ്പം നളിനി, ഭര്‍ത്താവ് മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ് , എസ് ജയകുമാര്‍ എന്നിവരാണ് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.